

കല്ലമ്പലം: കല്ലമ്പലത്ത് ദേശീയപാതയില്‍ പട്ടാപ്പകല്‍ മോഷണം. മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സൂചന. കല്ലമ്പലം കരിമ്പുവിള ദാറുല്‍ ദുആയില്‍ നാസിമുദ്ദീന്റെ പക്കല്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ് മൂന്നംഗ സംഘം കവര്‍ന്നത്. നാവായിക്കുളം സബ് രജിസ്റ്റാര്‍ ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുരയിടം രജിസ്ട്രേഷന് നടന്നിരുന്നു. ഈ വസ്തു ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന നാസിമുദീന് ബ്രോക്കര്‍ ഫീസായി ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്. ബ്രോക്കര്‍ ഫീസില്‍നിന്ന് മുപ്പതിനായിരം രൂപ നാസിമുദ്ദീന് തന്റെ സുഹൃത്തിന് കൈമാറുകയും ബാക്കി തുക തന്റെ സ്കൂട്ടറിന്റെ സീറ്റിന് അടിയില്‍ സൂക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാസിമുദ്ദീന് കല്ലമ്പലം ജംഗ്ഷനിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ കയറിയ സമയത്താണ് കള്ളന്മാര് പണവുമായി കടന്നുകളഞ്ഞത്. രുന്നു വാങ്ങി തിരികെ എത്തുമ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലാക്കുന്നത്.




ബാങ്കില്‍ നിന്നും പുറത്തിറങ്ങുന്ന ഇടപാടുകാരെ കവര്‍ച്ച ചെയ്യാനുള്ള ലക്ഷ്യം വച്ച് ബാങ്കിന് സമീപം തമ്പടിച്ചിരുന്ന മോഷ്ടാക്കള്‍ നാസിമുദ്ദീനെ പിന്തുടരുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളിലാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. മോഷണ ദൃശ്യങ്ങളെല്ലാം സി.സി.ടി.വിയില്‍ വ്യക്തമാണ്. കവര്‍ച്ചക്ക് ശേഷം മോഷ്ടാക്കള്‍ കൊല്ലം ഭാഗത്തേക്കാണ് വാഹനം ഓടിച്ചു പോയത്. സമീപകാലത്ത് നെടുമങ്ങാട് കാനറാ ബാങ്കിന് സമീപത്ത് വാഹനത്തില്‍ നിന്നും പണം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലെ പ്രതികളുടെ രൂപസാദൃശ്യം കല്ലമ്പലം പോലീസ് പരിശോധിച്ചു വരുന്നു. രണ്ടു സ്ഥലത്തും കവര്‍ച്ച നടത്തിയത് ഒരേ സംഘമായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. കല്ലമ്പലം പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.



