Breaking News

മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാതെയാണെ ന്ന് പി.വി.അന്‍വര്‍

മലപ്പുറം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം തലയ്ക്ക് വെളിവില്ലാതെയാണെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അന്‍വര്‍. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് പങ്കുണ്ടെന്ന് ആരോപിച്ച അന്‍വര്‍ ഒരു എസ്.പിമാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ലെന്നും പറഞ്ഞു. കേസെടുത്ത് തന്നെ നേരിടാനാണ് ഭാവമെങ്കില്‍ വരട്ടെ, കാണാമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

താന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ല എന്നല്ല പറഞ്ഞത്. താന്‍ ഇന്നലെയിട്ട സര്‍വേയില്‍ 1.2 ദശലക്ഷം ആളുകള്‍ പ്രതികരിച്ചു. അതില്‍ 90 ശതമാനവും പോസിറ്റിവ് പ്രതികരണം. തനിക്ക് സ്വാര്‍ത്ഥ താത്പര്യമില്ല. താനിപ്പോള്‍ പറയുന്നത് കേള്‍ക്കാന്‍ ജനമുണ്ട്. ആളുകള്‍ കുറയുമെന്ന് തനിക്കറിയാം. ഇതെല്ലാം മനസിലാക്കിയാണ് താന്‍ സംസാരിക്കുന്നത്. തന്റെ പൊതുയോഗത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അന്‍വറിന്റെ നെഞ്ചത്ത് കയറാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോള്‍ തീരുമാനിച്ചാല്‍ മലപ്പുറം ജില്ലയില്‍ മാത്രം 25 പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും. അന്‍വറിനെ സ്‌നേഹിക്കുന്നവര്‍ 140 മണ്ഡലത്തിലുമുണ്ട്-അന്‍വര്‍ വിശദമാക്കി.

സി.പി.എം വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. തന്നെ വര്‍ഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍വേ പുരോഗമിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. കക്കാടംപൊയിലിലെ പാര്‍ക്കില്‍ തടയണയുണ്ടോയെന്ന് അവിടെ പോയി നോക്കട്ടെ. താന്‍ ആ വഴിക്ക് തന്നെ പോകാറില്ല. ഇപ്പോള്‍ ഹൈ സ്പീഡ് മെഷീനൊക്കെ വരും. മൂന്നര കോടി ജനത്തിനും സഖാക്കള്‍ക്കും ഇതില്‍ കൃത്യമായ ബോധ്യമുണ്ട്. ദുബൈയിലും വിദേശത്തും പൊലീസിന് പോകാനാവില്ലല്ലോ. സ്വര്‍ണം കടത്തി കൊണ്ടുവന്ന് ആര്‍ക്കാണ് കൊടുക്കുന്നതെന്ന് പൊലീസ് അന്വേഷിച്ചോ? മുഖ്യമന്ത്രി എന്താണ് തലക്ക് വെളിവില്ലാതെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *