

കടയ്ക്കാവൂര്‍: നിലയ്ക്കാമുക്ക്-വക്കം-പണയില്‍കടവ് റോഡ് പണി നാളെ പുനഃരാരംഭിക്കുമെന്ന് കരാറുകാരനും ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയതായി ഒ.എസ്.അംബിക എം.എല്‍.എ. പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്. ചില സംഘടനകള്‍ വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ടാണ് പണി നിര്‍ത്തിവെച്ചതെന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞു. ഇനി റോഡുപണിക്ക് തടസം ഉണ്ടാകുന്ന രീതിയില്‍ സംഘടനയുടെ ഇടപെടല്‍ ഉണ്ടായി മുടങ്ങിയാല്‍ എന്നെന്നേക്കുമായി കരാര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും കോണ്‍ട്രാക്ടര്‍ വ്യക്തമാക്കി. അതിനാല്‍ മറ്റ് ഉദ്ദേശങ്ങളുമായി വരുന്ന ഇത്തരം സംഘടനകളുടെ ദുഷ്ടലാക്ക് മനസിലാക്കി അകറ്റി നിര്‍ത്തണമെന്നും നാടിന്റ വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എം.എല്‍.എ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു.








