

ശ്രീനഗര്‍: കാശ്മീരിലെ ജനതയ്ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും, കുടുംബത്തിലെ പ്രായമായ സ്ത്രീകള്‍ക്ക് വര്‍ഷം 18,000 രൂപ വീതം നല്‍കും, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ നല്‍കും എന്നിങ്ങനെയാണ് മോദിയുടെ വാഗ്ദാനങ്ങള്‍. ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. ജമ്മു കശ്മീരിലെ ജനങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എന്നാണ് ലോകം ഇപ്പോള്‍ വീക്ഷിക്കുന്നത്. ഇതില്‍ കശ്മീര്‍ ജനതയെ താന്‍ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. സെപ്റ്റംബര്‍ 25ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള വോട്ടിങ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.




രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജമ്മു കശ്മീരിലെ യുവജനതയുടെ കയ്യില്‍ ആയുധം നല്‍കിയത് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു തലമുറയെ ഇല്ലാതാക്കാന്‍ ഈ മൂന്നു കുടുംബങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഒരു സമയത്ത് നമ്മുടെ യുവതലമുറ പഠനത്തില്‍നിന്നെല്ലാം വ്യതിചലിച്ച് സ്കൂളുകളൊക്കെ ഉപേക്ഷിച്ചിരുന്നു. അവരുടെ കയ്യില്‍ ആയുധങ്ങള്‍ നല്കുന്നതില് ഈ മൂന്നു കുടുംബങ്ങള്‍ സന്തോഷം കണ്ടെത്തി. അവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഒരു ജനതയുടെ ഭാവി ഇല്ലാതാക്കി. ജമ്മു കശ്മീരിനെതിരായ എല്ലാ ഗുഢാലോചനകളെയും ചെറുത്തു തോല്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. യുവജനതയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യം, ഇത് മോദിയുടെ ഉറപ്പാണ്.”മോദി പറഞ്ഞു.




