

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. സരസ്വതി അമ്മയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍പിള്ള ഓട്ടോറിക്ഷയില്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.




സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയില്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. സുരേന്ദ്രന്‍പിള്ള സംശയരോഗത്തിന് അടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സരസ്വതി അമ്മയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുവെന്നും ഇയാള്‍ മദ്യലഹരിയില്‍ സരസ്വതി അമ്മയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഭാര്യയെ കൊലപ്പെടുത്തുമെന്ന് സുരേന്ദ്രന്‍ പിള്ള നേരത്തേയും ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കളും പറഞ്ഞു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്. മക്കള്‍: സനല്‍, സുബിന്‍. മരുമക്കള്‍: അശ്വതി, സാന്ദ്ര.




