

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ പൊതുജനങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്ന യുവാവ് അറസ്റ്റില്‍. വക്കം ഇറങ്ങുകടവ് സ്വദേശിയായ ചന്തു എന്ന രഞ്ജിത്ത്(36) ആണ് അറസ്റ്റിലായത്. പ്രതി കഴിഞ്ഞ ദിവസം വക്കം ഇറങ്ങുകടവ് സ്വദേശി പ്രതാപന്റെ വീട്ടില്‍ കയറി അതിക്രമം കാണിക്കുകയും കതകും ജനലും വീട്ടുപകരണങ്ങളും വെട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വക്കം സ്വദേശിയായ പൊതുപ്രവര്‍ത്തകയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനും യുവാവിനെതിരെ കടക്കാവൂര്‍ പോലീസ് കേസ് ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് പൊതുജനങ്ങളെ ഉപദ്രവിച്ചതിനും ആക്രമിച്ചതിനും പ്രതി മൂന്ന് മാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ട്.





ജയിലില്‍ നിന്നിറങ്ങിയാല്‍ വീണ്ടും അതിക്രമങ്ങള്‍ കാണിക്കുന്നയാളാണ് ഇയാള്‍. കടക്കാവൂര്‍ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. നിരവധി തവണ പോലീസ് വളഞ്ഞു പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പതിവ് പോലെ ഇത്തവണയും കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പോലീസിനെ ആക്രമിക്കാനും പ്രതി മുതിര്‍ന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



