Breaking News

കെ-സ്റ്റോറുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: കെ-സ്റ്റോറുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചുകഴിഞ്ഞെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ഓണത്തിന് മുന്‍പ് ആയിരം കെ-സ്റ്റോറുകളെന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണവും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പൂവില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയെ കെ-സ്റ്റോറായി ഉയര്‍ത്തുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് കെ-സ്റ്റോറുകളെന്നും ജി.ആര്‍.അനില്‍ പറഞ്ഞു.

രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഭക്ഷ്യപൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയ നിരവധി നൂതന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് കേരളാ സ്റ്റോര്‍. അടുത്ത ഒരു വര്‍ഷത്തിനകം രണ്ടായിരം കെ-സ്റ്റോറുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും പൊതുവിതരണരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ, റേഷന്‍ കടകളുടെ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ കെ-സ്റ്റോര്‍ പദ്ധതിയും മാതൃക സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തയാറാക്കിയ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമാണ് ഓണത്തിന് മുന്‍പ് ആയിരം കെ-സ്റ്റോറുകള്‍ എന്ന പദ്ധതി. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ കെ-സ്റ്റോറുകളിലൂടെ വിവിധ സേവനങ്ങള്‍ വഴി 8.1 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. 2023 ജൂണിലാണ് കെ-സ്റ്റോര്‍ പദ്ധതിക്ക് തുടക്കമാകുന്നത്.

നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ശബരി, മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളില്‍ ലഭിക്കും. ഇലക്ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ 52 ഇനം സേവനങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും കെ-സ്റ്റോറിലുണ്ട്. കൂടാതെ വ്യവസായ, വാണിജ്യ വകുപ്പിന് കീഴിലുള്ള എം.എസ്.എം.ഇ യൂണിറ്റുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും കെ-സ്റ്റോറുകള്‍ വഴി വിപണനം നടത്തുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *