Breaking News

വ്യാജ ജോലി വാഗ്ദാനം ചെയ്ത് വൈദ്യ പരിശോധന; അവയവക്കടത്തില്‍നിന്ന് രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തല്‍

ആറ്റിങ്ങല്‍: ജോലി നല്‍കാമെന്ന വ്യാജ വാഗ്ദാനം നല്‍കിയാണ് അവയവക്കടത്ത് മാഫിയ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതെന്ന് അവയവക്കടത്തില്‍നിന്ന് രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തല്‍. സുഹൃത്തായ ആറ്റിങ്ങല്‍ സ്വദേശി രതീഷ് സുശീലനാണ് തന്നെ അവയവക്കച്ചവട മാഫിയയ്ക്ക് പരിചയപ്പെടുത്തിയതെന്നും യുവതി ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. ജോലിക്കെന്ന വ്യാജേന എറണാകുളത്ത് എത്തിച്ച് സംഘം യുവതിയുടെ വൈദ്യ പരിശോധനകള്‍ നടത്തി. കാര്യം മനസ്സിലാക്കി പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ പരിശോധനകള്‍ക്ക് ചെലവാക്കിയ വന്‍തുക വേണമെന്ന് സംഘം ആവശ്യപ്പെട്ടെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. അവയവ കച്ചവട സംഘത്തില്‍ നിന്ന് നേരിട്ട പീഡനങ്ങളും ദുരനുഭവങ്ങളും യുവതി ബീക്കണ്‍ ന്യൂസിനോട് പങ്കുവച്ചു.

ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തലനാരിഴയ്ക്കാണ് അവയവ മാഫിയ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ‘ഹോസ്പിറ്റല്‍ ജോലിക്ക് ആവശ്യമായ പരിശോധന എന്ന പേരിലാണ് രതീഷ് കൂട്ടിക്കൊണ്ട് പോയത്. അവയവക്കച്ചവട സംഘമാണ് ഇതിന് പിന്നിലെന്ന് അറിയില്ലായിരുന്നു. നാലഞ്ച് മാസം മുന്‍പ് ഇതിനെച്ചൊല്ലി രതീഷുമായി തര്‍ക്കമുണ്ടായി. പരിശോധന നടത്തി കുറച്ച് ദിവസം കഴിഞ്ഞാണ് അവയവദാനത്തിനാണ് നീക്കം നടക്കുന്നതെന്ന് മനസിലായത്. എന്നെ മുന്‍ നിര്‍ത്തി രതീഷ് സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന് സംശയിക്കുന്നുണ്ട്. അവയവദാനത്തിന് ആവശ്യമായ രേഖകള്‍ കൃത്രിമമായി സംഘം തയ്യാറാക്കും. വധഭീഷണി പോലും ഉണ്ടായിട്ടുണ്ട്’-യുവതി വെളിപ്പെടുത്തി.

അവയവ മാഫിയ സംഘത്തില്‍പ്പെട്ട വളാഞ്ചേരി സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നജുമുദ്ദീന്‍, ശശി എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട പത്ത് പേരുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വര്‍ക്കല എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയെ അവയവക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയ സുഹൃത്ത് രതീഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *