

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷണത്തിന് നേതൃത്വം നല്‍കും. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. എം.ആര്.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ എം.എല്‍.എയാണ് ഗുരുതരമായ ആരോപണള്‍ ഉയര്‍ത്തിവിട്ടത്. ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘമായുള്ള ബന്ധം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പി.വി.അന്‍വര്‍ എ.ഡി.ജി.പിക്കെതിരെ ആരോപിച്ചത്. ഇന്നലെ പൊതുവേദിയില്‍ തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.




ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എ.ഡി.ജി.പി എം.ആര്.അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാമെന്നത് വെറുംവാക്കായി തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെയാണ് ഇവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. അതുകൊണ്ടുതന്നെ ഈ അന്വേഷണം പ്രഹസനാകുമോയെന്നും സംശയിക്കപ്പെടുന്നു.



