

വര്‍ക്കല: വര്‍ക്കലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന രണ്ട് റിസോര്‍ട്ടുകള്‍ നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. വര്‍ക്കല തിരുവമ്പാടിയില്‍ ബീച്ച് കയ്യേറി നിര്‍മ്മിച്ച ജയറാം കഫേ, ബ്ലാക്ക് ബീച്ച് എന്നീ റിസോര്‍ട്ടുകളാണ് നഗരസഭ പൂട്ടി സീല്‍ ചെയ്തത്. ഈ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ യാതൊരുവിധ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കാനെത്തിയ നഗരസഭ ഉദ്യോഗര്‍സ്ഥര്‍ക്ക് നേരെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് നഗരസഭ അധികൃതര്‍ വര്‍ക്കല പോലീസിന്റെ സഹായം തേടി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച ശേഷമാണ് റിസോര്‍ട്ടുകള്‍ പൂട്ടി സീല്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം നാലരയോടെ ആരംഭിച്ച നിയമ നടപടികള്‍ രാത്രി ഏഴുമണിയോടെയാണ് പൂര്‍ത്തിയായത്.






