

തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും കെ.റ്റി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ വെട്ടിച്ച ശശി ആ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പി.കെ.ശശിക്കെതിരെ സി.പി.എം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സി.പി.എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടില്‍ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.




ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഇതോടെ എന്‍.എന്‍.കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ശശിക്കെതിരെ നടപടി സ്വീകരിക്കുമെന്ന തീരുമാനം ഉണ്ടായത്. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു.



