

തിരുവനന്തപുരം: ഓണവിപണിയിലെ ഇടപെടലുകള്‍ക്ക് സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടാനുള്ള സാധ്യത മുന്നില്‍കണ്ട് വിലക്കയറ്റം ഒഴിവാക്കാനാണ് സപ്ലൈകോയ്ക്ക് 225 കോടി രൂപ അനവദിച്ചതെന്ന് ധനവകുപ്പ് പറയുന്നു. ബജറ്റില്‍ വിലയിരുത്തിയ തുക കൂടാതെ 120 കോടി രൂപ സപ്ലൈകോയ്ക്ക് അധികമായി നല്‍കിയെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.


വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍, 120 കോടി രൂപ അധികമായി നല്‍കാന്‍ ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു എന്നാണ് മന്ത്രി അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിന് ബജറ്റില്‍ 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. എന്നാല്‍ ആകെ 391 കോടി രൂപ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.


അതേസമയം ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തുകയും ചെയ്തു


