


കല്ലമ്പലം: ഞെക്കാട് റൂറല്‍ കോച്ചിങ് ക്ലബ്ബിന്റെ (ആര്.സി.സി) ആഭിമുഖ്യത്തില്‍ 78-മത് സ്വാതന്ത്ര്യദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. റൂറല്‍ കോച്ചിങ് ക്ലബ്ബ് പ്രസിഡന്റ് എസ്.സുജിത്ത് ദേശീയ പതാക ഉയര്‍ത്തി. ക്ലബ്ബ് സെക്രട്ടറി കാളിന്ദി അജയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാഹുല്‍.ആര് സ്വാതന്ത്ര്യദിന സന്ദേശം നല്കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാദൗത്യത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ ആദരിക്കല്‍, രക്തദാനം, പരിസര ശുചീകരണം, ചികിത്സ സഹായ വിതരണം, സ്കൂള്‍ കുട്ടികള്‍ക്കുള്ള കായിക ഉപകരണങ്ങള്‍ കൈമാറല്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, കലാപരിപാടികള്‍, ദേശഭക്തി ഗാനാലാപനം എന്നിവ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.


വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വിവിധ ദുരന്തമുഖങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിനുള്ള ഉപഹാരം ചടങ്ങില്‍ അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സജികുമാര്‍ ഏറ്റുവാങ്ങി. കല്ലമ്പലം അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സജികുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ അനീഷ്.ജി, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ നിഷാന്ത് ഡി.എല്‍, സജികുമാര്‍ ടി.എസ്, ഞെക്കാട് ഗവ. വി.എച്ച്.എസ് സ്കൂള്‍ പ്രഥമാധ്യാപകന് എന്‍.സന്തോഷ്, ക്ലബ്ബ് വൈസ് പ്രസിഡന്റ് രാഹുല്‍ ആര്, ജോയിന്റ് സെക്രട്ടറി ആദര്‍ശ് എം.ലാല്‍, ട്രഷറര്‍ സനീഷ്.എസ്, വനിതാ വിഭാഗം സെക്രട്ടറി ആശ സനീഷ് എന്നിവര്‍ സംസാരിച്ചു.


കരള്‍ ശസ്ത്രക്രിയയ്ക്ക് ചികിത്സ തേടുന്ന മതുരക്കോട് നിവാസിയായ അഞ്ചുവയസ്സുകാരിക്കുള്ള ചികിത്സ സഹായം വസതിയിലെത്തി ക്ലബ്ബ് ഭാരവാഹികള്‍ കൈമാറി. ഞെക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ക്കായി ക്ലബ്ബ് നല്കുന്ന വിവിധ കായിക ഉപകരണങ്ങള്‍ പ്രധാനാധ്യാപകന് എന്‍.സന്തോഷ് ഏറ്റുവാങ്ങി. ആര്.സി.സി അംഗങ്ങളായ സജീഷ്.എസ്,ഗൗതം ആര്.കൃഷ്ണ,ബിമല്‍ മിത്ര,നിതീഷ് സി.ആര്, അനീഷ്.ആര്, പാര്‍വതി.ടി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

