Breaking News

പ്രധാനമന്ത്രി വയനാട്ടിലെത്തി; പ്രതീക്ഷയോടെ കേരളം

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. ഇന്ന് രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ട്. 2 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പ്രധാനമന്ത്രിയും സംഘവും എത്തിയത്. ദുരന്തമേഖലയില്‍ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തും.

ഹെലികോപ്റ്ററിലിരുന്ന് ദുരന്ത മേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് റോഡ് മാര്‍ഗമായിരിക്കും എത്തുക. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ വന്‍ തുക വേണമെന്നിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. സംസ്ഥാനത്തിന് മാത്രം ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോടകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും എല്‍ ത്രി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതിനനുസരിച്ചുള്ള കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ചും പുനരധിവാസത്തിന് വേണ്ടിവരുന്ന വന്‍ സാമ്പത്തിക ചെലവിനെ കുറിച്ചും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദുരന്ത ബാധിത മേഖലയുടെ ആകാശ വീക്ഷണം നടത്തിയ പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാമ്പും പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുന്ന ആശുപത്രിയും ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടവരെയും സന്ദര്‍ശിച്ച ശേഷം അദ്ദേഹം കല്‍പ്പറ്റ കളക്ട്രേറ്റില്‍ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ദുരിത ബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, ബി.ജെ.പി നേതാക്കളായ എ.പി.അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. ഹെലികോപ്റ്ററിലിരുന്ന് ദുരന്ത മേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് റോഡ് മാര്‍ഗമായിരിക്കും എത്തുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *