

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് മുന്നോടിയായി സുരക്ഷാസംഘം വയനാട്ടിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്നതാണ് കേരളം ഉറ്റുനോക്കുന്ന വിഷയം. കേന്ദ്ര സഹായമില്ലാതെ വയനാട് ദുരന്തത്തെ അതിജീവിക്കാനാവില്ലെന്ന കാര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സംശയമില്ല.


അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യങ്ങളും അഭിപ്രായങ്ങളുമായി ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തന്നെയാണ് റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ ആവശ്യം. ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്നതോടെ ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാരില്‍നിന്ന് വലിയ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് വന്‍ തോതിലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചാല്‍ കൃത്യമായ പദ്ധതി പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്നും പറഞ്ഞു. ദുരന്തത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് മാത്രം സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും അതിനോട് അടുത്തുനില്‍ക്കുന്ന തരത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം. എല്‍-ത്രി, എല്‍.ഫോര്‍ വരെ ഗ്രേഡിലുള്ള ദുരന്തമായി വയനാട് ദുരത്തത്തെ പ്രഖ്യാപുകൊണ്ടുള്ള പ്രത്യേക സാമ്പത്തിക പാക്കേജാണ് വേണ്ടത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധവാസത്തിനുള്ള സഹായവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം വിശദീകരിച്ചു. ദേശീയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള നടപടികള്‍ക്കൊപ്പം പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ തയാറാക്കമെന്ന് ദുരന്ത ബാധിത മേഖല ഉള്‍പ്പെടുന്ന കല്‍പറ്റ മണ്ഡലത്തിലെ എം.എല്‍.എ ടി.സിദ്ദിക്ക് ആവശ്യപ്പെട്ടു.

