

കല്ലറ: കല്ലറയിലും ഭരതന്നൂരിലും സ്റ്റേഡിയം നിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കല്ലറ തണ്ണിയത്തും ഭരതന്നൂര്‍ പഞ്ചായത്തിലുമാണ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന കായിക വകുപ്പു മന്ത്രി വി.അബ്ദുറഹിമാന് നിര്‍വഹിച്ചു. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരം കോടിയിലധികം രൂപ ഇതിനോടകം ചെലവഴിച്ചതായി വി.അബ്ദുറഹിമാന് പറഞ്ഞു. 500 കോടി രൂപയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് ഇരുപഞ്ചായത്തുകളിലും കളിക്കളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മത്സരങ്ങളില്‍ വിജയിക്കാനല്ല, നമ്മുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഓരോ പഞ്ചായത്തിലും ഇത്തരത്തില്‍ കളിക്കളങ്ങള്‍ നിര്‍മിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി. കല്ലറയില്‍ നടന്ന ചടങ്ങില്‍ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജി.ജെ.ലിസിയും ഭരതന്നൂരില്‍ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയും സ്വാഗതം പറഞ്ഞു. വിവിധ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കാളികളായി.



കല്ലറ തണ്ണിയത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിന് ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. അമ്പതു ലക്ഷം രൂപ ഡി.കെ.മുരളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ിന്നും അമ്പതു ലക്ഷം രൂപ സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് ചെലവഴിയ്ക്കുന്നത്. ഭരതന്നൂര്‍ നിര്‍മിക്കുന്ന സ്റ്റേഡിയവും ഒരു കോടി രൂപ നിര്‍മാണ ചെലവിലാണ് പൂര്‍ത്തിയാക്കുക. ഇവിടെ മുഴുവന്‍ തുകയും കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ചെലവഴിയ്ക്കുന്നത്. സംസ്ഥാന കായിക വകുപ്പ് വാമനപുരം മണ്ഡലത്തില്‍ നിലവില്‍ മൂന്നു കോടി രൂപയുടെ മൂന്നു പ്രവൃത്തികളാണ് നടപ്പാക്കിവരുന്നത്. കല്ലറ, ഭരതന്നൂര്‍ സ്റ്റേഡിയങ്ങള്‍ക്കു പുറമേ ആലന്തറ നീന്തല്‍ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു കോടി രൂപാ ചെലവഴിച്ചും ചെയ്തുവരികയാണ്.


