

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലഫ്റ്റണന്റ് കേണല്‍ നടന് മോഹന്‍ലാലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും. ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മ്മിക്കുമെന്നും ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടഷന് 3 കോടി രൂപ ചെലവാക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്ഥിതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ തുക പുനരുദ്ധാരണത്തിനായി ചെലവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചത്. വളരെയേറെ വിഷമമുള്ള കാര്യങ്ങളാണ് വയനാട്ടില്‍ നടന്നത്. നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാനാവില്ല. ദുരന്തത്തെ അതിജീവിച്ചവരുടെ മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ദുരന്തത്തിന്റെ തീവ്രത പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. താന്‍കൂടി ഉള്‍പ്പെടുന്നതാണ് മദ്രാസ് 122 ബറ്റാലിയന്. കഴിഞ്ഞ 16 വര്‍ഷമായി താന്‍ ഈ ബറ്റാലിയന്റെ ഭാഗമാണ്. അവരുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായവരെ നേരിട്ട് കാണാനും നന്ദി പറയാനും അവരെ അഭിനന്ദിക്കാനുമാണ് താന്‍ വന്നത്.


ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്. ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് വഴി സഹായം പ്രഖ്യാപിച്ചത്.

