Breaking News

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; മരണം 73 ആയി: 250 പേര്‍ കുടുങ്ങിക്കിടക്കുന്നു, തെരച്ചിലിന് നേവി സംഘവും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 73 ആയി. നേവിയുടെ 50 അംഗ സംഘവും സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. ഇന്ത്യന്‍ നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടാകും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം വെളിപ്പെടുത്തി. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡി.എസ്.സി) സെന്ററിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തും.

തെരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മീററ്റ് ആര്‍.വി.സിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവും. അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അതിശ്കതമായ മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ പ്രതിസന്ധിയാകും. താമരശ്ശേരി ചുരം വഴി വാഹനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തടത്തുന്നതായി സന്നദ്ധപ്രവര്‍ത്തകന്‍ കെ.വി.ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍.ഡി.ആര്‍.എഫിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും ഷാജി വ്യക്തമാക്കി. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങള്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *