Breaking News

അര്‍ജുന്റെ ട്രക്ക് ചെളിയില്‍ പുതഞ്ഞ നിലയിലെന്ന് നിഗമനം; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് ചെളിയില്‍ പുതഞ്ഞ നിലയിലെന്ന് നിഗമനം. ഒരു ലോറിയുണ്ടെന്ന് ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയയാണ് ഈ വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ലോറിയുടെ ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയിലാകാമെന്നും കളക്ടര്‍ പറഞ്ഞു. കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം, തെരച്ചിലിന് മല്‍സ്യത്തൊഴിലാളികളുടെ സംഘത്തെയും ജില്ല ഭരണകൂടം എത്തിച്ചിട്ടുണ്ട്. കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഏഴംഗ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്. ഈശ്വര്‍ മല്‍പെയാണ് സംഘതലവന്‍. എന്നാല്‍, മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. നിലവില്‍ ഡൈവര്‍മാര്‍ക്ക് ഗംഗാവലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ഫ്‌ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കില്‍ രാജസ്ഥാനില്‍ നിന്ന് ആളെത്തേണ്ടതുണ്ട്. ഫ്‌ലോട്ടിങ്ങ് വെസല്‍ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയില്‍ ഇറങ്ങാനാണ് ശ്രമം.

Related posts

Leave a Reply

Your email address will not be published. Required fields are marked *