

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ച അവസ്ഥയില്‍. ഭരണസിരാകേന്ദ്രത്തിലെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചതോടെ ഒരു ഉത്തരവ് പോലും ഇറക്കാനാകാതെ വട്ടംകറങ്ങുകയാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍. ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നതോടെ ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കുകയായിരുന്നു.


ഇ-ഫയല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫാമാറ്റിക് സെന്ററിനെ(എന്‍.ഐ.സി) വിവരമറിയിച്ചെങ്കിലും അവര്‍ക്കും ഇതുവരെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താന്‍ പോലും എന്‍.ഐ.സിക്ക് കഴിഞ്ഞിട്ടില്ല. ഐ.ടി സെക്രട്ടറി വിളിച്ച യോഗത്തില്‍ എന്‍.ഐ.സി ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമുണ്ടായി. പൂര്‍ണമായും ഈ ഫയലിലായതിനാല്‍ തുടര്‍ന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല. പിന്‍ഫയലുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതുകൊണ്ടാണ് തുടര്‍ നീക്കവും തടസപ്പെടുന്നത്.


ഡല്‍ഹിയില്‍നിന്ന് എന്‍.ഐ.സി വിദഗ്ദരെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐ.ടി വകുപ്പ് പറയുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കിപ്പോള്‍ പണിയില്ല. സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ തെരെഞ്ഞെടുപ്പ് ശനിയാഴ്ചയാണ്. ഫയല്‍ നീക്കം നിലച്ചതിനാല്‍ സംഘടനാ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെല്ലാം വകുപ്പുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്ന തിരിക്കിലാണ്. ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

