Breaking News

ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള മാലിന്യനീക്കം തടഞ്ഞില്ല; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള മാലിന്യനീക്കം തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കെ.ഗണേഷ് കുമാറിനെയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ വരുന്ന സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് ഗണേഷ് കുമാര്‍. സ്വകാര്യ സ്ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന രാജാജി നഗര്‍, പാളയം, തമ്പാനൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മേല്‍നോട്ട ചുമതല സെക്രട്ടേറിയറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഗണേഷിനാണ്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗണേഷിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ശുചീകരണ തൊഴിലാളിയായ ജോയി മരിച്ച സംഭവത്തില്‍ കോര്‍പറേഷനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തിനുശേഷം മാലിന്യം വലിച്ചെറിയുന്നതു കണ്ടെത്താന്‍ കര്‍ശന നടപടികള്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. മാലിന്യ നീക്കം വലിച്ചെറിയുന്നത് തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് കോര്‍പറേഷന്റെ നടപടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *