

തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങളോട് അനുഭാവമില്ലാതെ പ്രതികരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ റേഷന്‍ വ്യാപാരികള്‍. അടുത്ത മാസം പകുതിയോടെ കടകള്‍ പൂര്‍ണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നീക്കം. ഇതിന് മുമ്പ് രണ്ട് തവണ സമരം നടത്തിയിട്ടും സര്‍ക്കാരിന്റെ അവഗണന തുടരുന്ന സാഹചര്യത്തിലാണ് റേഷന്‍ വ്യാപാരികള്‍ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. റേഷന്‍ വ്യാപികളുടെ പ്രതിഷേധം സമരത്തിലേക്ക് നീങ്ങിയാല്‍ ഓണക്കാലത്ത് പൊതുവിതരണ സംവിധാനം താറുമാറാകും.



സമരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ താലൂക്ക് തലത്തില്‍ സമിതി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കട അടച്ചുള്ള സമരം നടത്തിയിട്ടും റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ തീരുമാനമെന്നും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. കിറ്റ് കമ്മീഷന് നല്‍കുക, കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക, വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ വ്യാപാരികള്‍ ഒരുങ്ങുന്നത്.


അതേസമയം, വിദഗ്ധസമിതി റിപ്പോര്‍ട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കല്‍ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഓണം അടക്കമുള്ള ഉത്സവ സീസണുകള്‍ വരാനിരിക്കെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് പോയാല്‍ പൊതുവിതരണരംഗം പ്രതിസന്ധിയിലായേക്കും. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തില്‍ റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ സമിതിയുടെ ചര്‍ച്ചകളും നടക്കുന്നുണ്ട്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷന്‍ കടകള്‍ നേരിടുന്നു.
