Breaking News

സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി; കര്‍ഷകര്‍ക്ക് ആശ്വാസം

കൊല്ലം: സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. രോഗബാധിത മേഖലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും വൈറസ് വ്യാപനം കുറയുകയാണെന്നും മന്ത്രി വിശദമാക്കി. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ 2025 മാര്‍ച്ച് വരെ പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കേണ്ടി വരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ, കോട്ടയം, വൈക്കം, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പക്ഷികള്‍ ചത്തൊടുങ്ങുന്ന സംഭവം ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്താതിരിക്കാനുള്ള നിലപാട് സര്‍ക്കാരിന് എടുക്കാനാകും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ കേന്ദ്ര വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇത് ലഭിക്കുന്നതിനായി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, 2025 മാര്‍ച്ച് വരെ പക്ഷി വളര്‍ത്തല്‍ നിരോധിക്കേണ്ടി വരില്ലെന്ന നിലവിലെ മന്ത്രിയുടെ പ്രസ്താവന ഈ മേഖലയിലെ കര്‍ഷകര്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *