

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതിയായ സുഹൈല്‍ ഷാജന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. എ.കെ.ജി സെന്റര്‍ ആക്രമിക്കാനുള്ള പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ സുഹൈല്‍ ഷാജനാണെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയുടെ പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.




അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നല്കിയാല് വീണ്ടും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ കേസിന്റെ അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും, ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞ പ്രതിയോട് ഇരിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.


