Breaking News

ബാര്‍ കോഴ വിവാദം: എം.ബി.രാജേഷും മുഹമ്മദ് റിയാസും കൂട്ടുപ്രതികളെന്ന് വി.മുരളീധരന്‍

വര്‍ക്കല: ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കൂട്ടുപ്രതികളെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വര്‍ക്കല പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശക്തമായ മഴയില്‍ ഇടിഞ്ഞുവീണതിന്റെ പശ്ചാത്തലത്തില്‍ പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു വി.മുരളീധരന്‍. ബാര്‍ കോഴ കേസില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മൗനം പാലിക്കുകയാണ്. എം.ബി.രാജേഷിന്റെ കൂട്ടുപ്രതിയായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവാദിത്തം മുഴുവന്‍ എം.ബി.രാജേഷിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന തരത്തിലാണ് ബാര്‍ കോഴക്കേസില്‍ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ് വകുപ്പിന്മേല്‍ ടൂറിസം വകുപ്പ് നടത്തിയിട്ടുള്ള ഇടപെടലുകളില്‍ അതൃപ്തിയുണ്ടെങ്കിലും എം.ബി.രാജേഷിന് അതൃപ്തിയുണ്ടെങ്കിലും അദ്ദേഹത്തിന് അത് പ്രകടിപ്പിക്കാന്‍ ആവുന്നില്ല. മുഖ്യമന്ത്രിയുടെ മരുമകന് എതിരായി എങ്ങനെ സംസാരിക്കുമെന്ന വിഷമസന്ധിയിലാണ് അദ്ദേഹം. ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് സംസ്ഥാനത്തിന്റെ മദ്യനയത്തില്‍ മാറ്റംവരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ എം.ബി.രാജേഷിനെ ചെളിക്കുണ്ടിലാഴ്ത്തിയിരിക്കുകയാണ്. എം.ബി.രാജേഷ് ഒറ്റയ്ക്ക് ചെളിക്കുണ്ടില്‍ വീഴുമോ അതോ തന്റെ കൂട്ടുപ്രതിയുടെ കാര്യംകൂടി അദ്ദേഹം പുറത്തുപറയുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്-വി.മുരളീധരന്‍ വിശദീകരിച്ചു.

വര്‍ക്കല പാപനാശം കുന്നുകള്‍ ഇടിഞ്ഞുവീഴുന്ന വിഷയത്തിലും വി.മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. ഏഷ്യയിലെ തന്നെ ഒരേയൊരു ചെങ്കല്‍ കുന്നുകളാണ്. ആ നിലയില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പാപനാശം കുന്നുകളെ പ്രകൃതിയുടെ അത്ഭുതമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പാപനാശം കുന്നുകളെ സംരക്ഷിക്കാന്‍ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അതിനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നല്ല. ടൂറിസം വകുപ്പും സംസ്ഥാന സര്‍ക്കാരും പാപനാശം കുന്നുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ സംസ്ഥാനത്തും ടൂറിസം മേഖലയിലെ ഇതുപോലുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ക്കലയെ ഉള്‍പ്പെടുത്താത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതിനെ ഇടിച്ച് നിരത്തുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്നും പാപനാശത്ത് നടക്കുന്നത് അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. ബി.ജെ.പി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കുമൊപ്പമാണ് അദ്ദേഹം പാപനാശം സന്ദര്‍ശിക്കാനെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *