

മലയിന്‍കീഴ്: കുപ്രസിദ്ധ ഗുണ്ട വിന്ധ്യന് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. മലയിന്‍കീഴ് മഞ്ചാടി മൂഴിനട അയ്യപ്പ ക്ഷേത്രത്തിന് സമീപം ധനുഷ് വീട്ടില്‍ ശശികുമാറിന്റെ മകന് ധനുഷ് എന്നുവിളിക്കുന്ന വിന്ധ്യന്(38) ആണ് അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ ഇയാള്‍ക്കെതിരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐ.പി.എസ് ഇയാള്‍ക്കെതിരെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് ഐ.എ.എസിന്് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.





2006 മുതല്‍ ഇയാള്‍ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ അടിപിടി, സ്ത്രീകളെ ഉപദ്രവിക്കല്‍, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്തയാളാണ്. നിലവില്‍ ഇയാള്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷന് പരിധിയില്‍ യുവാവിനെയും അമ്മയെയും ആക്രമിച്ച് പരിക്കേല്പിച്ച അടിപിടി കേസിലും വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു മോഷണക്കേസിലും പ്രതിയായി ജയില്‍വാസം അനുഭവിക്കുകയാണ്. കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം മലയിന്‍കീഴ് എസ്.എച്ച്.ഒ നീസ്സാമുദീന്, ഗ്രേഡ് എസ്.ഐ ശശികുമാര്‍ എന്നിവര്‍ കാപ്പ നിയമപ്രകാരം ജില്ലാ ജയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക്മാറ്റി.



