Breaking News

ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആളില്ല; ആറ്റിങ്ങലില്‍ എത്തിയത് ഒരാള്‍ മാത്രം, വര്‍ക്കലയില്‍ ആരുമെത്തിയില്ല

വര്‍ക്കല: ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. ആറ്റിങ്ങലില്‍ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത് ഒരാള്‍ മാത്രമാണ്. വര്‍ക്കലയില്‍ 30 പേര്‍ക്ക് സ്ലോട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ആരും എത്തിയിട്ടില്ല. സര്‍ക്കാരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തുന്നതാണ് ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ നല്‍കിയവരെ ടെസ്റ്റില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. അപേക്ഷകരെ കാത്തുനിന്ന ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുകയാണ് ചെയ്യുന്നത്.

സംസ്ഥാനമൊട്ടാകെ ഇന്നലെ 18 ഇടങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്. 86 പേര്‍ മാത്രമാണ് 18 ഇടങ്ങളിലായി ടെസ്റ്റിന് എത്തിയത്. ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെയും വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. തിരുവനന്തപുരത്ത് മുട്ടത്തറയില്‍ ടെസ്റ്റിങ് കേന്ദ്രത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചു. തൃശൂരിലും പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്ത് 21 പേര്‍ക്ക് സ്ലോട്ട് അനുവദിച്ചിരുന്നെങ്കിലും ആരും വന്നില്ല. കൊല്ലം (25), പത്തനംതിട്ട (9), കോട്ടയം (16), ഇടുക്കി (22), തൃശൂര്‍ (6), പാലക്കാട് (1) കോഴിക്കോട് (2), കണ്ണൂര്‍ (1), ആറ്റിങ്ങല്‍ (1), മൂവാറ്റുപുഴ (1) എന്നിങ്ങനെയാണ് ടെസ്റ്റ് നടന്നത്.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതു ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ തടയുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ 24 സ്ഥലങ്ങളില്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കായി ഗ്രൗണ്ട് തയാറാക്കുന്ന ജോലികള്‍ നാളെയോടെ പൂര്‍ത്തിയാക്കും. തിങ്കളാഴ്ച മുതല്‍ ഇവിടെയും ടെസ്റ്റിങ് കേന്ദ്രങ്ങളാക്കാന്‍ കഴിയുമെന്നാണ് ഗതാഗതവകുപ്പിന്റെ പ്രതീക്ഷ. ടെസ്റ്റിങ് സെന്ററുകളില്‍ സ്ലോട്ട് ലഭിച്ചതനുസരിച്ച് അപേക്ഷകര്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് അവസരത്തിനു 6 മാസം കാത്തിരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ഗതാഗതവകുപ്പ് നല്‍കുന്നുണ്ട്. 6 മാസം കഴിഞ്ഞാല്‍ ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി കഴിയുന്ന പ്രശ്‌നവുമുണ്ടാകും. സ്ലോട്ട് ലഭിച്ചവര്‍ എത്താതിരിക്കുന്നത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമ്മര്‍ദത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *