Breaking News

പാര്‍ട്ടിക്കാര്‍തന്നെ അവഹേളിച്ചു; രാജിയുടെ കാരണം വ്യക്തമാക്കി ബി.ജെ.പി മെമ്പര്‍മാര്‍

ആറ്റിങ്ങല്‍: പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ നേരിട്ട അവഹേളനവും മാനസിക പീഡനവുമാണ് രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി മെമ്പര്‍മാര്‍. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന എസ്.സിന്ധു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി എന്നിവരാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാരണം വ്യക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് കടുത്ത അവഹേളനവും മാനസിക പീഡനവുമാണ് നേരിട്ടതെന്ന് സിന്ധുവും തങ്കമണിയും വ്യക്തമാക്കി. സ്ത്രീയെന്ന പരിഗണന പോലും തങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍നിന്ന് ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും ജനങ്ങളോട് നേരിട്ടും കഴിവില്ലാത്ത മെമ്പര്‍മാരാണെന്ന് പറഞ്ഞ് അവഹേളിച്ചുവെന്നാണ് ഇരുവരും ബി.ജെ.പി നേതാക്കളെ കുറിച്ച് ആരോപണം ഉന്നയിച്ചത്. മാത്രമല്ല, ആലപ്പുഴയില്‍ മത്സരിക്കുന്ന ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവവും തങ്ങളെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇരുവരും വെളിപ്പെടുത്തി. കഴിവും പ്രഗത്ഭ്യവുമുള്ള ദേശീയ നേതാവിനോടുപോലും ഇത്തരത്തില്‍ പെരുമാറുന്നവര്‍ പ്രാദേശിക നേതാക്കളായ തങ്ങളെ ഏത് രീതിയിലാവും പരിഗണിക്കുകയെന്ന ചോദ്യവും ഇരുവരും ഉന്നയിച്ചു.

സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ തങ്ങള്‍ നേരിട്ട മാനസിക പീഡനത്തെ കുറിച്ചും അവഹേളനത്തെ കുറിച്ചും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെങ്കിലും ആരും തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയാറായില്ലെന്നും ഇവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള അവഹേളനങ്ങള്‍ സഹിക്കാനാവാതെ പോലീസില്‍ പരാതി നല്‍കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും ഇനി സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സിന്ധുവും തങ്കമണിയും വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *