

വര്‍ക്കല: കരവാരം ഗ്രാമപഞ്ചായത്തില്‍ രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു.എസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമണി എന്നിവരാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാലിന്റെയും, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉല്ലാസിന്റെയും മാനസിക പീഡനത്തിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ആകെയുള്ള 18 സീറ്റുകളില്‍ ബി.ജെ.പിക്ക് 9 കൗണ്‍സിലര്‍മാരുണ്ടായിരുന്നു. സി.പി.എമ്മിന് അഞ്ചും കോണ്‍ഗ്രസിനും എസ്.ഡി.പി.ഐയ്ക്കും 2 വീതം കൗണ്‍സിലര്‍മാരുമാണ് ഉള്ളത്.


ബി.ജെ.പിയില്‍നിന്ന് രാജിവച്ച രണ്ട് കൗണ്‍സിലര്‍മാരും സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് 5.30ന് രാജിവച്ച ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പത്രസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പത്രസമ്മേളനത്തില്‍ ഇവര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയേക്കും. ആഴ്ചകള്‍ക്ക് മുമ്പാണ് ആറ്റിങ്ങല്‍ നഗരസഭയിലെ രണ്ട് ബി.ജെ.പി അംഗങ്ങള്‍ രാജി വച്ചത്.




