Breaking News

വര്‍ക്കല സ്വദേശിയായ ഗായകന്‍ തിരയില്‍പെട്ട് മരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്

വര്‍ക്കല: വര്‍ക്കല സ്വദേശിയായ ഗായകന്‍ തിരയില്‍പെട്ട് മരിച്ചു. വര്‍ക്കല പനയറ മേലേവിള വീട്ടില്‍ ബിജുരാജ്(38) ആണ് മരിച്ചത്. മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് മണിയോടെ നാല് സുഹൃത്തുക്കളുമൊത്ത് തമിഴ്‌നാട് വാടിക്കല്‍ ബീച്ചില്‍ കുളിക്കാനെത്തിയതായിരുന്നു ബിജുരാജ്. കുളിക്കാന്‍ ഇറങ്ങുന്ന സമയത്ത് കടല്‍ ശാന്തമായിരുന്നു. എന്നാല്‍ പൊടുന്നനെ അതിശക്തമായ തിരമാലയില്‍ പെടുകയായിരുന്നു ബിജുരാജും സുഹൃത്ത് രാകേഷും. രാകേഷ് തിരമാലയുടെ ശക്തിയെ അതിജീവിച്ച് കരയ്‌ക്കെത്തിയെങ്കിലും ബിജുരാജിനെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് കുളച്ചല്‍ മറൈന്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ബിജുരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ബിജുരാജിന്റെ മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബിജുരാജ് അവിവാഹിതനാണ്. മാതാവ്-രാധാമണി. പിതാവ് പരേതനായ രാജേന്ദ്രന്‍. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നാലരയോടെ ബിജുവിന്റെ സഹോദരനായ ദിലീപിന്റെ വീട്ടുവളപ്പില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *