Breaking News

കെജ്‌രിവാള്‍ തീഹാര്‍ ജയിലില്‍; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡി

ദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തീഹാര്‍ ജയിലില്‍. കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ദില്ലി റൗസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്. ഉടന്‍ തന്നെ കെജ്‌രിവാളിനെ തീഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും കോടതിയിലെത്തി. സെന്തില്‍ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചുകൊണ്ട് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു. ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

കെജ്‌രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഭാവിയില്‍ തങ്ങള്‍ക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ഡിവൈസുകളുടെ പാസ്വേഡുകള്‍ നല്‍കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 28 ന് ദില്ലി റൗസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലവധി നാല് ദിവസത്തെക്ക് കൂടി നീട്ടിയിരുന്നു. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കുന്നത് ഇന്ത്യ സഖ്യവുമായുള്ള ചര്‍ച്ചയുടെ വിശദാംശം ചോര്‍ത്താനാണെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *