

ദില്ലി: സി.പി.എമ്മിനും സി.പി.ഐയ്ക്കും പിഴയിട്ട് ആദായ നികുതി വകുപ്പ്. സി.പി.എം 15 കോടി രൂപയും സി.പി.ഐ 11 കോടി രൂപയും അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്കി. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് കാണിച്ച് 22 കോടി രൂപയുടെ വരുമാനം കണക്കാക്കിയാണ് സി.പി.എമ്മിന് 15.59 കോടി രൂപ പിഴയിട്ടത്. കുറേ വര്‍ഷങ്ങളായി പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് നികുതി അടച്ച വകയിലുള്ള കുടിശ്ശിക, പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയ വകയിലുള്ള പിഴത്തുകയും ചേര്‍ത്ത് 11 കോടി രൂപ അടയ്ക്കാനാണ് സി.പി.ഐയ്ക്ക് ലഭിച്ച നിര്‍ദേശം.


കോണ്‍ഗ്രസ്, തൃണമൂല്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തിയതിന് പിന്നാലെയാണ് സി.പി.എമ്മിനും സി.പി.ഐയ്ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 11 ഐ.ടി നോട്ടീസുകള്‍ കിട്ടിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ എം.പി വെളിപ്പെടുത്തിയത്. ഇ.ഡിയെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാന്‍ എല്ലാ വഴികളും നോക്കുകയാണ് ബി.ജെ.പിയെന്നും ഗോഖല ആരോപിച്ചു. അതേസമയം, ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും വ്യക്തമാക്കിയിട്ടുണ്ട്.



