

തിരുവനന്തപുരം: മണിപ്പൂരില്‍ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ച നടപടിയെ വിമര്‍ശിച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളായ ശശി തരൂര്‍ എം.പിയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. എല്ലാ മതങ്ങളെയും അംഗീകരിക്കുകയും തുല്യ പരിഗണന നല്‍കുകയും ചെയ്യുന്ന രാജ്യമാണ്. അങ്ങനെയുള്ള രാജ്യത്ത് ദുഃഖവെള്ളിയും ഈസ്റ്ററും പോലുള്ള പ്രധാന ദിവസങ്ങള്‍ പ്രവര്‍ത്തിദിനമാക്കുന്നത് അന്യായമാണ്-ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും ശശി തരൂര്‍ വിമര്‍ശിച്ചു. ഒരു സമുദായത്തിന്റെ വോട്ടുകള്‍ നേടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം സി.എ.എ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും വ്യക്തമാക്കി. ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചത് കോണ്‍ഗ്രസാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.


തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും മണിപ്പൂര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്. ഈസ്റ്റര്‍ അവധി അവകാശമാണ്. വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അഭ്യര്‍ത്ഥനയില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31 നാണ് ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

