

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍.ജെ.ഡി ഒഴിവുകളും ഇതില്‍പെടുന്നു. 2024 ജൂണ്‍ ഒന്നുവരെ വിരമിക്കല്‍ മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളും 1200 താല്‍കാലിക പരിശീലന തസ്തികകളില്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


നിലവിലെ കണക്ക് അനുസരിച്ച് 3070 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍ മാര്‍ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അഡൈ്വസ് ചെയ്യപ്പെട്ട 1298 ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 307 പുതിയ ഒഴിവുകളുടെ അഡൈ്വസ് പി.എസ്.സിയില്‍ നിന്ന് ലഭിക്കേണ്ടതായുണ്ട്.


പോലീസ് ജില്ലകളിലും സ്‌പെഷ്യല്‍ യൂണിറ്റുകളിലും സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, സ്ഥാനക്കയറ്റം വഴി നികത്തപ്പെടേണ്ട സബ് ഇന്‍സ്പെക്ടര്‍ എന്നിവ ഉള്‍പ്പടെയുള്ള തസ്തികകളിലെ ഒഴിവുകള്‍ അതതു ജില്ലകളിലെ സിവില്‍ പോലീസ് ഓഫീസര്‍ നിയമനം നടത്തുന്ന ബറ്റാലിയനിലെ ഒഴിവുകളായി കണക്കാക്കിയാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷനിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
