Breaking News

സിദ്ധാര്‍ത്ഥിന്റെ മരണം; കൊലപാതകമെന്ന് പിതാവ്; എസ്.എഫ്.ഐ നേതാക്കള്‍ ഒളിവില്‍

പൂക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളുടെ എണ്ണം കൂടുമെന്ന് പോലീസ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളുടെ എണ്ണം കൂടുമെന്ന സൂചന പോലീസ് നല്‍കുന്നത്. കോളേജിനകത്തുവച്ചാണ് സിദ്ധാര്‍ത്ഥിന് മര്‍ദ്ദനമേറ്റതെന്നും ഈ സംഭവത്തില്‍ 18 പ്രതികള്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എന്‍.സജീവനാണ് കേസിന്റെ അന്വേഷണ ചുമതല.

സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ 18 പേരില്‍ എസ്.എഫ്.ഐ നേതാക്കളടക്കം 12 പേര്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മൂന്ന് ദിവസം പഴക്കമുള്ള മുറിവുകള്‍ വരെ സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മര്‍ദനമെന്നാണ് നിഗമനം. എന്നാല്‍, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, തന്റെ മകന്‍ ആത്മഹത്യ ചെയ്തതല്ലെന്നും കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് പിതാവ് ജയപ്രകാശ് രംഗത്തെത്തി. സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ച സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *