Breaking News

വര്‍ക്കല എസ്.എന്‍.കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കെ.എസ്.യുവിന് വന്‍ വിജയം; സംഘര്‍ഷം

വര്‍ക്കല: വര്‍ക്കല എസ്.എന്‍.കോളേജ് യൂണിയന്‍ കെ.എസ്.യു പിടിച്ചെടുത്തതിനെ തുടര്‍ന്ന് കെ.എസ്.യു നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ വന്‍ സംഘര്‍ഷം. വൈകിട്ട് നാലരയോടെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഇതോടെ വന്‍ വിജയം സ്വന്തമാക്കിയ കെ.എസ്.യു പ്രവര്‍ത്തകര്‍ കോളേജിന് പുറത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടിച്ചുകയറിയതാണ് സംഘര്‍ഷത്തിന് കാരണമായത്. വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയിയെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചുകൊണ്ടുള്ള ബാനര്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉയര്‍ത്തിയതാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഉന്നാല്‍ മുടിയാത് ജോയി എന്നായിരുന്നു ബാനറിലെ പരിഹാസം.

ഈ വാചകം ഒഴിവാക്കണമെന്ന് വര്‍ക്കല ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന എ.എസ്.പി ആവശ്യപ്പെട്ടെങ്കിലും കെ.എസ്.യു പ്രവര്‍ത്തകര്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ആഹ്ലാദ പ്രകടനത്തെ പോലീസ് അനുഗമിക്കുകയും ചെയ്തു. കോളേജിന് മുന്നില്‍നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം ശിവഗിരി തുരപ്പിന് സമീപം എത്തിയപ്പോള്‍ അഡ്വ.വി.ജോയിക്കെതിരായ ബാനര്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരും പറ്റില്ലെന്ന് ഉറപ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകരും മുഖാമുഖം നിന്ന് പോര്‍വിളി മുഴുക്കി. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാനര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ഇതിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതികരിക്കുകയും ചെയ്തതോടെ സംഘര്‍ഷം കനക്കുകയായിരുന്നു.

തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞു. കല്ലേറ് കനത്തതോടെ പോലീസ് ലാത്തി വീശി കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. കല്ലേറിനെ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകയായ ഇര്‍ഫാന എന്ന വിദ്യാര്‍ത്ഥിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റൊരാള്‍ സംഭവ സ്ഥലത്ത് തലചുറ്റി വീണെങ്കിലും പരിക്കില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, പി.എം.ബഷീര്‍, അഡ്വ.റിഹാസ്, അഡ്വ.ബി.ഷാലി, അസീം ഹുസൈന്‍, ഷാജി എന്നിവര്‍ കെ.എസ്.യു പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സംഘര്‍ഷത്തിന് അയവുവരുത്തി.

അവിടെനിന്ന് ബാനര്‍ ഒഴിവാക്കി കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനം തുടര്‍ന്നു. വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടിച്ചുകയറി അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജിഹാദ് ആരോപിച്ചു. കെ.എസ്.യു നേടിയ വന്‍ വിജയവും കെ.എസ്.യുവിന് വിദ്യാര്‍ത്ഥികളില്‍നിന്നും ലഭിച്ച പിന്തുണയും എസ്.എഫ്.ഐയെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും എ.ജെ.ജിഹാദ് ആരോപിച്ചു.

വര്‍ക്കല മൈതാനത്ത് എത്തിച്ചേര്‍ന്ന ജാഥയെ വര്‍ക്കല കഹാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഷാള്‍ ഇട്ട് സ്ഥീകരിച്ചു. കോളേജ് യൂണിയനിലെ 14 സീറ്റുകളില്‍ 12 എണ്ണവും കെ.എസ്.യു സ്വന്തമാക്കി. രണ്ട് സീറ്റുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് സാങ്കേതിക പിഴവുമൂലം അസാധുവായി. ഈ സീറ്റുകളാണ് എസ്.എഫ്.ഐക്ക് നേടാനായത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളേജ് യൂണിയന്‍ കെ.എസ്.യു സ്വന്തമാക്കുന്നത്. 9.30 മുതല്‍ 11.30 വരെയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 1 മണിക്ക് ആരംഭിച്ച രണ്ടാം ഘട്ട വോട്ടെടുപ്പ് 4 മണിയോടെ പൂര്‍ത്തിയാക്കി 4.30 ഓടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. വര്‍ക്കല എസ്.എന്‍ കോളേജില്‍ മുന്‍പ് നടത്താനിരുന്ന യൂണിയന്‍ തെരഞ്ഞെടുപ്പ് ചില പ്രത്യേക സാഹചര്യത്തില്‍ കോടതിയില്‍ എത്തുകയും തുടര്‍ന്ന് ഇന്ന് കോളേജില്‍ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *