

വർക്കല: ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ തിരുനെൽവേലി സ്വദേശിയായ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.കമ്പ്യൂട്ടർ എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിയായ 23 വയസ്സുള്ള ഭാരതി ആണ് ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണിയോടെ കുളത്തിൽ കുളിക്കുന്ന തിനിടയിൽ വെള്ളത്തിൽ മുങ്ങിപ്പോയത്. വിവരമറിഞ്ഞ വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി യുവാവിനായുള്ള തിരച്ചിൽ തുടങ്ങി . മൂന്നു മണിക്കൂറിനു ശേഷം രാത്രി വൈകിയതിനാൽ ഫയർഫോഴ്സ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.ഇന്ന് സ്കൂബ ടീം എത്തി തിരച്ചിൽ വീണ്ടും പുനരാരംഭിക്കാനിരിക്കവേയാണ് രാവിലെ ആറുമണിയോടുകൂടി യുവാവിൻറെ മൃതദേഹം കുളത്തിൽ പൊങ്ങിയത് .

ചെന്നൈയിൽ നിന്നും വർക്കലയിലേക്ക് വന്ന വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന യുവാവാണ് മരണപ്പെട്ടത് യുവാവിനോടൊപ്പം കുളിക്കാൻ ഇറങ്ങിയ മറ്റ് രണ്ടു കുട്ടികളാണ് യുവാവിനെ കാണാനില്ല എന്നുള്ള വിവരം ബന്ധുക്കളോട് പറഞ്ഞത്.

കുളത്തിൽ മൃതദേഹം പൊങ്ങിയതു കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു . മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ .വർക്കല പോലീസ് കേസെടുത്ത് നിയമനടപടി ക്രമങ്ങൾ ആരംഭിച്ചു


