

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്തും എന്നും പേര് മാറ്റും. സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി.
നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം സംസ്ഥാന സർക്കാരിന് കത്തു നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിച്ചതായി കാണിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു


