

ആറ്റിങ്ങല്‍: മുദാക്കല്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വീട്ടമ്മയും വീട്ടമ്മയ്‌ക്കെതിരെ പഞ്ചായത്തും പരാതി നല്‍കി. പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വീട്ടമ്മ വനിതാ കമ്മീഷനിലും വീട്ടമ്മയ്‌ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ ആറ്റിങ്ങല്‍ പോലീസിലുമാണ് പരാതി നല്‍കിയത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജ ബോധവത്ക്കരണവുമായി ബന്ധപ്പെട്ടാണ് പരാതി. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണവുമായി സഹകരിക്കാത്തവരെ ബോധവത്ക്കരിക്കുന്ന നടപടിയുടെ ഭാഗമായാണ് പഞ്ചായത്ത് അധികൃതര്‍ പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ പോയത്. എന്നാല്‍ ബോധവത്ക്കരണത്തിന് വന്ന തങ്ങളോട് വീട്ടമ്മ ഒരു പ്രകോപനവും കൂടാതെ അസഭ്യമായ രീതിയില്‍ സംസാരിക്കുകയും പഞ്ചായത്ത് സെക്രട്ടറിയും സൂപ്രണ്ടും ജനപ്രതിനിധികളും ഹരിതകര്‍മ്മ സേനാംഗങ്ങളും ഉള്‍പ്പെട്ട സംഘത്തെ ചെരിപ്പെടുത്ത് എറിയുകയും ചെയ്തു എന്നാണ് പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വീട്ടമ്മ താഴ്ന്ന ജാതിയില്‍പെട്ട ജീവനക്കാര്‍ വീട്ടില്‍ കയറരുതെന്ന ജാതി അധിക്ഷേപപരമായ നിലപാട് സ്വീകരിച്ചതായും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വീട്ടമ്മ പട്ടിയെ അഴിച്ചുവിടുമെന്ന ഭീഷണി മുഴക്കിയതായും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അതേസമയം, പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വീട്ടമ്മയും വനിതാ കമ്മീഷനില്‍ പരാതി നല്‍കി. വീട്ടമ്മയുടെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കും ഒരു ജനപ്രതിനിധിക്കും നോട്ടീസ് ലഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് വനിതാ കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നും പഞ്ചായത്ത് അംഗത്തില്‍നിന്നും വിശദീകരണം തേടിയത്. വനിതാ കമ്മീഷന് മുമ്പില്‍ തങ്ങള്‍ സത്യാവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

