

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഒരു കോടി രൂപ നല്‍കിയെന്ന് എസ്.ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ ചോദ്യം ചെയ്യലിലാണ് സുനില്‍ കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം നല്‍കിയതെന്നും സുനില്‍ കുമാര്‍ ഇ.ഡിയോട് വിശദീകരിച്ചു. സുനില്‍കുമാറിനെ കൂടാതെ പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്.

കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ.കണ്ണന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും. ഇപ്പോള്‍ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്ന് ഇ.ഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂര്‍ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇ.ഡിയുടെ തീരുമാനം. നേരിട്ട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവാതെ പ്രതിനിധികല്‍ വഴിയാണ് കണ്ണന് സ്വത്ത് വിവരങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയത്.
