

കൊച്ചി: ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവച്ചതില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുമെന്ന് എറണാകുളം റൂറല്‍ എസ്.പി വിവേക് കുമാര്‍. എറണാകുളം മൂവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയായ പൊലീസ് ഡ്രൈവര്‍ ജോബി ദാസ് ഇന്നലെയാണ് കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തത്. കളമശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവറായിരുന്നു ജോബി ദാസ്. എ.എസ്.പി കെ.ബിജു മോനെ അന്വേഷണ ചുമതല ഏല്‍പിച്ചതായും എസ്.പി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ജോബി ദാസിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് ജീവനൊടുക്കിയതെന്ന് വ്യക്തമാണ്. മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും കുറിപ്പില്‍ പറയുന്നു. ഇവര്‍ ബോധപൂര്‍വ്വം ജോബി ദാസിന്റെ ഇന്‍ക്രിമെന്റ് തടഞ്ഞുവച്ചുവെന്നും അഷ്‌റഫും ഗോപിയും കുറേക്കാലമായി മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും പതിനാറോളം ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവച്ചതായും അതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും ജീവന്‍ അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ വിശദീകരിക്കുന്നു. ഈ രണ്ട് പേരും തന്റെ മൃതശരീരം കാണാന്‍ വരരുതെന്നും കുറിപ്പിലുണ്ട്.

ജോബി ദാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തൊടുപുഴ ഡി.വൈ.എസ്.പി അറിയിച്ചിരുന്നു. അഴിമതി നടത്തുന്നവര്‍ക്കും കവര്‍ച്ച നടത്തുന്നവര്‍ക്കും ഇന്‍ക്രിമെന്റ് ലഭിക്കുന്നുണ്ടെന്നും ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുകയാണെന്നും കൂടി പറയുന്ന ആത്മഹത്യാ കുറിപ്പ് വിമര്‍ശന വിധേയമായതോടെയാണ് ഡി.വൈ.എസ്.പി ഇതേക്കുറിച്ച് പ്രതികരിച്ചത്. ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദ്ദമാണോ എന്നത് അന്വേഷിച്ചാലേ മനസ്സിലാകൂവെന്നും ഡി.വൈ.എസ്.പി പറഞ്ഞു.