

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ അച്ഛനെയും മകനെയും ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കര വേലാന്‍കോണം ശിവശക്തിയില്‍ രവികുമാറിന്റെ മകന് റപ്പായി എന്ന ശ്രീജിത്തി(25)നെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വക്കം പാട്ടുവിളാകം വടക്കേ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളായ വിജയന്‍പിള്ളയെയും മകന് വിപിന്കുമാറിനെയുമാണ് പ്രതി ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം.

വൈകിട്ട് 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുന്‍വശത്ത് വച്ചായിരുന്നു പ്രതി നാടന്‍ ബോംബെറിഞ്ഞ് വിജയന്‍പിള്ളയെയും വിപിന്‍കുമാറിനെയും കൊല്ലാന്‍ ശ്രമിച്ചത്. പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. വര്‍ക്കല സബ് ഡിവിഷന് എ.എസ്.പിയുടെ നിര്‍ദേശപ്രകാരം കടയ്ക്കാവൂര്‍ ഐ.എസ്.എച്ച്.ഒ സജിന്‍.എല്‍, കടയ്ക്കാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ സജിത്ത്.എസ്, എ.എസ്.ഐമാരായ ശ്രീകുമാര്‍, രാജീവ്, ജയപ്രസാദ്, സ്പെഷ്യല്‍ സിവില്‍ പോലീസ് ഓഫീസര്‍ സിയാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

