

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി സി.പി.എം കൗണ്‍സിലര്‍ മധു അമ്പലപുരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ എത്തി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടത് പ്രകാരമാണ് മധു അമ്പലപുരം ഇ.ഡി ഓഫീസില്‍ എത്തിയത്. എന്നാല്‍, ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്ന എസ്.ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഹാജരായിട്ടില്ല. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് പുറത്തുവരുന്ന വിവരം.

അതേസമയം, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സി.പി.എം നേതൃത്വം. സി.പി.എം നേതാവ് എം.കെ.കണ്ണനോട് കുടുംബത്തിന്റെ ഉള്‍പ്പെടെയുള്ള സ്വത്ത് വിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ഇ.ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എം.കെ.കണ്ണന്‍ പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകള്‍ ഈ ബാങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടാന്‍ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
