

തിരുവനന്തപുരം: തട്ടം വിവാദത്തില്‍ സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാറിനെ തള്ളി സി.പി.എം. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നു ഹിജാബ് വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടിയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും അതു വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിനുള്ള അവകാശത്തിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ല. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവര്‍ ഈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നു നിര്‍ദേശിക്കാനോ അതിന്റെ പേരില്‍ വിമര്‍ശിക്കാനോ നമ്മള്‍ ആരും ആഗ്രഹിക്കുന്നില്ല”-ഗോവിന്ദന്‍ വിശദീകരിച്ചു.

കെ.അനില്‍കുമാറിന്റെ പ്രസംഗത്തില്‍ പിശകുപറ്റിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചു. അനില്‍കുമാര്‍ തന്നെ ആ പിശക് തിരുത്തിയിട്ടുണ്ടെന്നും ഇ.പി പറഞ്ഞു. ലക്ഷദ്വീപില്‍ ആഹാരത്തെ നിയന്ത്രിക്കുന്നതു ബിജെപി സര്‍ക്കാരാണ്. അവിടെ മാംസാഹാരം നിരോധിച്ചു. കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലിരുന്ന സമയത്തു ഹിജാബിനെതിരെ നടപടി സ്വീകരിച്ചു. അതിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണു സിപിഎം. ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെയെല്ലാം ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണു സി.പി.എം എന്നും ഇ.പി.ജയരാജന്‍ വിശദീകരിച്ചു.

ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന. സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് എസ്സന്‍സിനോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണെന്നും അനില്‍കുമാര്‍ പറഞ്ഞിരുന്നു. ഏക സിവില്‍കോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ.അനില്‍കുമാറിന്റെ പരാമര്‍ശം.