

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന് സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ മരണസംഖ്യ രണ്ട് ദിവസത്തിനുള്ളില്‍ 31 ആയി ഉയര്‍ന്നു. നാലു കുട്ടികളടക്കം ഏഴുപേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മുപ്പത് കടന്നത്. മരണപ്പെട്ട 31 പേരില്‍ 15 പേരോളം നവജാത ശിശുക്കളോ കു്ടികളോ ആണെന്നാണ് ലഭിക്കുന്ന വിവരം. 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാന്നും റിപ്പോര്‍ട്ടുകളുണ്ട്. മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്കു കാരണമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആശുപത്രി ഡീന്‍ ഡോ.ശ്യാമറാവോ വകോടേ ഇത് നിഷേധിച്ചു. ഡോക്ടര്‍മാരുടെ അഭാവമോ മരുന്നുകളുടെ അപര്യാപ്തയോ ഉണ്ടായിട്ടില്ലെന്നും ഡീന്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളാണു മരിച്ചതെന്നാണ് ഇന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. 70-80 കി.മീ ചുറ്റളവിലുള്ള ഏക ആശുപത്രിയാണെന്നും ചില ഘട്ടങ്ങളില്‍ രോഗികളുടെ എണ്ണം വല്ലാതെ വര്‍ധിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് പുതിയ വിശദീകരണം വന്നിട്ടുള്ളത്.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ മന്ത്രി ഹസന് മുഷ്റിഫ് പറഞ്ഞു. നന്ദേഡിലേക്കുള്ള യാത്രക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വ്യക്തമാക്കി. ശിശുരോഗ വിഭാഗത്തില്‍ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.

ആശുപത്രിയിലെ കൂട്ടമരണത്തില്‍ ഏക്നാഥ് ഷിന്‍ഡ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയത്തില്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വേദനാജനകവും ഗൗരതരവുമായ വിഷയമാണിതെന്നായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. പബ്ലിസിറ്റിക്കായി ബിജെപി സര്‍ക്കാരിന് കോടികള്‍ ചിലവഴിക്കാം, കുട്ടികള്‍ക്കു മരുന്നുവാങ്ങാന്‍ പണമില്ലേ എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്സ് പ്ലാറ്റ്ഫോമില്‍ ചോദിച്ചത്.