Breaking News

ജല ഗതാഗതത്തിന് വിലങ്ങ് തടിയായി മീരാന്‍കടവ് പഴയ പാലം

അഞ്ചുതെങ്ങ്്: അഞ്ചുതെങ്ങ് മീരാന്‍കടവ് പഴയപാലം പൊളിച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ക്കഴിഞ്ഞിട്ടും നടപടിയായില്ല. അഞ്ചുതെങ്ങ് കായലിന് കുറുകെ അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ആധിപത്യകാലത്ത് നിര്‍മ്മിക്കപ്പെട്ട പാലമാണ് ഗതാഗതം നിരോധിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ പൊളിച്ചുനീക്കാന്‍ കൂട്ടാക്കാത്തത്. മീരാന്‍കടവ് പഴയ പാലത്തിന്റെ കാലപ്പഴക്കവും ബലക്ഷയവും കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ പാലം ഗതാഗത യോഗ്യമല്ലെന്ന് കണ്ടെത്തുകയും ഇതേ തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുകയും പഴയ പാലത്തില്‍ക്കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പുതിയ പാലം യാഥാര്‍ധ്യമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ പാലം പൊളിച്ചു നീക്കാന്‍ നാളിതുവരെയും നടപടിയുണ്ടായിട്ടില്ല. പാലം പൊളിച്ചുമാറ്റാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ഓരോ തവണയും പരാതികള്‍ ഉയരുമ്പോള്‍ അധികൃതര്‍ പറയുന്നത്. ഇത് പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി നിരവധിതവണ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങളും നല്‍കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തത്വര നടപടികളും ഉണ്ടായിട്ടില്ല.

നിലവില്‍ എപ്പോള്‍ വേണമെങ്കിലും നിലംപോത്താമെന്ന സ്ഥിതിയിലുള്ള ഈ പാലം അഞ്ചുതെങ്ങ് കായലില്‍ മാലിന്യ നിക്ഷേപത്തിന്റെയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
കൂടാതെ, ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയേയും ജില്ലയിലെ പ്രധാന കായലുകളായ അഞ്ചുതെങ്ങ് കഠിനംകുളം മുരുക്കുംപുഴ കായലുകളെ സംയോചിപ്പിച്ചുകൊണ്ട് വിനോദസഞ്ചാര വകുപ്പ് ആവിഷ്‌കരിച്ച ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് പദ്ധതിയേയും പാലം പൊളിച്ചുനീക്കാത്തത് കാര്യമായി ബാധിച്ചിരിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര കടവ് ബോട്ടുജെട്ടി, മുരുക്കുംപുഴ ബോട്ട് ടെര്‍മിനല്‍, പൗണ്ട് കടവ് ബോട്ടുജെട്ടി, പനയില്‍ കടവ് ബോട്ടുജെട്ടി, പുത്തന്‍ കടവ് ബോട്ടുജെട്ടി, പുളിമൂട്ടില്‍ കടവ് ബോട്ടുജെട്ടി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞെങ്കിലും മീരാന്‍ കടവ് പഴയ പാലം പൊളിച്ചു നീക്കിയാല്‍ മാത്രമേ ഇതുവഴിയുള്ള ജല ഗതാഗതം സുഗമമാകുകയുള്ളൂ.

ഈ പ്രദേശത്ത് അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ആരംഭത്തോടെ ടൂറിസം, യാത്രാ ബോട്ടുകള്‍ / സ്ഥിര-യാത്ര/ ബോട്ട് ജട്ടി / ഗാലറി / ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ മോഹന വാഗ്ദ്ധാനങ്ങളും പ്രദേശവാസികള്‍ക്ക് ജനപ്രതിനിധികള്‍ നല്‍കിയിരുന്നു ഇതൊന്നും നടപ്പിലായിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ പഴയ പാലം പൊളിച്ചു നീക്കുവാനുള്ള അടിയന്തര ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ അഞ്ചുതെങ്ങ് സജന്‍ ആവിശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *