Breaking News

സഹകരണ മേഖലയിലെ ഇ.ഡി പരിശോധന രാഷ്ട്രീയ ലക്ഷ്യം വച്ച്: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സഹകരണ മേഖലയിലെ എന്‍ഫോഴ്‌സ്‌മെന്റ് (ഇ.ഡി) പരിശോധന രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ടെന്നും ആ രൂപത്തിലാണ് ഇ.ഡിയുടെ പരിശോധനകളെ കാണുന്നത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സി.പി.എം നേതാക്കള്‍ക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്-എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ശ്രമിക്കുകയാണ്. കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയതാണ്. എന്നാല്‍, കരുവന്നൂരിലെ സാമ്പത്തിക തട്ടിപ്പില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും എ.സി.മൊയ്തീന് അതില്‍ ബന്ധമുണ്ടെന്ന് പറയിപ്പിക്കാന്‍ കൗണ്‍സിലര്‍മാരെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയാണെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. കെ.ഫോണ്‍, എ.ഐ ക്യാമറകള്‍ യാഥാര്‍ത്ഥ്യമായത് നേട്ടമാണ്. ദേശീയപാതാ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയണം- എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പല തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കേന്ദ്ര ഫണ്ടുകള്‍ പിടിച്ചുവച്ചും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേന്ദ്രം സംസ്ഥാനത്തെ ദ്രോഹിക്കുന്നു. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായ യുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.വി എന്നത് പിണറായി വിജയന്‍ അല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പാക്കിയെന്നും എം.വി.ഗോവിന്ദന്‍ വെളിപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *