

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ബ്രൈറ്റ് ഹോട്ടലിൻറ്റെ പ്രവർത്തനമാണ് നഗരസഭ നിർത്തിവയ്പ്പിച്ചത് . ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ,സ്ഥാപനം പൂട്ടി സീൽ ചെയ്‌യുന്നതുൾപ്പടെയുള്ള കടുത്ത നടപടികളാണ് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം സ്വീകരിച്ചത് . ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഹോട്ടലിലെത്തിയ ഉദ്യാഗസ്ഥർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം ആറു മണിയോടെ കട പൂട്ടി സീൽ ചെയ്യുകയായിരുന്നു.

ആറ്റിങ്ങൽ വാമനപുരം നദിയിലേക്ക് സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുള്ള ഡ്രൈനേജ് മാലിന്യം ഒഴുക്കുന്നതായിയുള്ള പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ആറ്റിങ്ങൽ നഗരസഭാ അധികൃതർ കഴിഞ്ഞദിവസം സംഭവസ്ഥലം സന്ദർശിക്കുകയും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു . തുടർന്ന് കട പൂട്ടി സീൽ ചെയ്ത് ,ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു .

ജില്ലയിലെ തന്നെ പ്രധാന കുടിവെള്ള സ്രോതസായ വാമനപുരം നദിയിലേക്ക് കാലങ്ങളായി രാത്രിയുടെ മറവിൽ ഡ്രൈനേജ് മാലിന്യം തള്ളുന്നതായി പരാതി ഉയർന്നിരുന്നു .എന്നാൽ പ്രദേശവാസികൾ രാത്രികാലങ്ങളിൽ ഉറക്കമിളച്ച് ഇരുന്ന് ഹോട്ടൽ നടത്തിപ്പുകാരുടെ ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കം ബന്ധപ്പെട്ട അധികാരികളെ വിവരം ധരിപ്പിച്ചിട്ട് പോലും ഇവർക്കെതിരെ യാതെരു നടപടിയും കൈകൊണ്ടില്ലെന്ന ശക്തമായ ആക്ഷേപത്തിനിടയിലാണ് ആറ്റിങ്ങൽ നഗരസഭ കടുത്ത നടപടിയുമായി രംഗത്തെത്തിയത് .


