

കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് പിപി മുകുന്ദന് അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 77 വയസായിരുന്നു. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച നേതാവാണ് പി.പി.മുകുന്ദന്. ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ മുന്‍ സംഘടനാ സെക്രട്ടറിയായും ആര്.എസ്.എസിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖായും അദ്ദേഹം പ്രവര്‍ത്തിച്ചു.

കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ മുകുന്ദന്റെ മൃതദേഹം കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. ആര്.എസ്.എസിലൂടെ കേരളത്തില്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയിലേക്ക് ഉയര്‍ന്ന പി.പി.മുകുന്ദന് ഇന്നും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്ന കോ-ലീ-ബി സഖ്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നേതാവാണ്. പാര്‍ട്ടിയിലടക്കം അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയുന്ന വ്യക്തത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 മുതല്‍ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ല്‍ ബിജെപിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വര്‍ഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.

