Breaking News

പഴയ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്തണം: ജി 20 വേദിയില്‍ പ്രധാനമന്ത്രി

ദില്ലി: പഴയ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് ജി 20 വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ദില്ലിയില്‍ ആരംഭിച്ച ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ തോല്‍പിച്ച നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവെന്നും മോദി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മൊറോക്കോ ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച മോദി സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നില്‍ പുതിയൊരു മാര്‍ഗം തുറക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ജി 20 ഉച്ചകോടിയുടെ സമ്മേളന വേദിയായ ഭാരത് മണ്ഡപം. ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളെ സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിച്ചേര്‍ന്നിട്ടുള്ളത്.

അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ജി 20യില്‍ പങ്കെടുക്കുന്നുണ്ട്.

കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ -യുക്രെയിന്‍ സംഘര്‍ഷം ഈ വിശ്വാസരാഹിത്യം വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നില്‍ പുതിയൊരു മാര്‍ഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കൊവിഡ് 19 നെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും.

Related posts

Leave a Reply

Your email address will not be published. Required fields are marked *